ഞാന്‍ ഒരു പാവം ഗര്‍ജ്ജിക്കുന്ന സിംഹം...

Saturday, July 4, 2009

ഒരു വണ്ട്‌ മുരളുന്നു........മലയാളികളുടെ മനസ്സിലേക്ക്




അപ്രതീക്ഷിതമായി ഉച്ചക്ക്‌ ശേഷം ഒരു ഇടവേള കിട്ടിയപ്പോള്‍ ഒരു സിനിമ കാണാം എന്ന് തീരുമാനിച്ചു. മിക്ക സിനിമകളും കാണുന്ന ഒരു സ്വഭാവം എനിക്കുണ്ട്. അങ്ങനെ ബ്ലെസി സംവിധാനം ചെയ്ത "ഭ്രമരം" എന്ന സിനിമ കാണാനായി തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍ എത്തി. സാമാന്യം നല്ല ജനത്തിരക്കുണ്ട്. ബ്ലെസി വിധാനം നിര്‍വഹിക്കുന്നു എന്നതും മോഹന്‍ലാല്‍ അഭിനയിക്കുന്നതും ആയ സിനിമ എന്ന പ്രത്യേകത കൊണ്ട് ഈ സിനിമ കാണണം എന്ന് തിരുമാനിച്ചിരുന്നു. കാരണം "തന്മാത്ര" എല്ലാവരാലും പ്രശംസിക്കപ്പെട്ട ഒരു സിനിമ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പൊളി സിനിമയാണ്, കാണണ്ട എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു എങ്കിലും ഞാന്‍ കാണണം എന്ന് തിരുമാനിച്ചിരുന്നു. തന്നെയുമല്ല വളരെ ലാഖവത്തോടെ എന്‍റെ സുഹൃത് ഈ സിനിമയുടെ കഥയും ക്ലൈമാക്സും പറഞത് ഞാന്‍ കേട്ടിരുന്നു.
രണ്ടു മണിക്കൂര്‍ പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍ തിയറ്ററില്‍ നിന്നും പുറത്തിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ജീപ്പ് ഡ്രൈവര്‍ ശിവന്‍കുട്ടി യുടെ മാനറിസങ്ങള്‍ മാത്രമായിരുന്നു. അത്ര മനോഹരമായി മോഹന്‍ലാല്‍ ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്‌, മനോഹരമായി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു, മനോഹരമായി രംഗങ്ങള്‍ ചിത്രികരിചിരിക്കുന്നു. പൊളി,കാണണ്ട എന്നീ വാക്കുകളോട് തന്നെ എനിക്ക് പുച്ഛം തോന്നിയ നിമിഷങ്ങള്‍. സത്യത്തില്‍ ക്ലൈമാക്സ്‌ അറിഞ്ഞു സിനിമ കണ്ടതാണ് എന്നെ സംബന്ധിച്ച് ഗുണകരമായി. എന്തിനാണ് ഒരുമനുഷ്യന്‍ ഇത്രയും കഷ്ടപ്പെട്ട് കു‌ട്ടുകരെ അയാളുടെ വീട്ടിലേക്കു കൊണ്ടുവരുന്നത്‌ എന്ന് ഓര്‍ത്തപ്പോള്‍ തന്നെ, എനിക്ക് വല്ലാത്ത വിഷമം തോന്നി. തന്റെ അവസ്ഥക്ക് കാരണക്കാരായ കു‌ട്ടുകാരെ ഭയപെടുത്തിയും, ബലപ്രയോഗം നടത്തിയും, കൊണ്ടുവരുന്ന കല്ലും,മുള്ളും, കയറ്റങ്ങളും, കുത്തനെയുള്ള ഇറക്കങ്ങളും ഉള്ള വഴിയിലുടെ തന്റെ വീട്ടിലേക്കു കൊണ്ടുവരുന്ന ആ യാത്ര ശിവന്‍കുട്ടിയുടെ കലങ്ങി മറിഞ്ഞ മനസ്സാണ് വരച്ചുകാട്ടുന്നത്.

തന്റെ മനസ്സിന്റെ നിയന്ത്രണം കൈവിട്ടുപോകുമ്പോള്‍ ഒരു വണ്ട്‌ (ഭ്രമരം) അവനു ചുറ്റും വട്ടമിട്ടു പറക്കുകയാണ്. അപ്പോള്‍ അവന്റെ നിയന്ത്രണവും തെറ്റുന്നു. തങ്ങളെ കൊല്ലാനല്ല എന്ന് മനസ്സിലാകുമ്പോള്‍ തെറ്റുകള്‍ സമ്മതിച്ചു ഭാര്യയോടും കുട്ടിയോടും എല്ലാം തുറന്നു പറയാം എന്ന് കൂട്ടുകാര്‍ ശിവന്കുട്ടിക്കു ഉറപ്പുകൊടുക്കുന്നതുമുതല്‍ ഉള്ള മോഹന്‍ലാലിന്‍റെ അഭിനയത്തെ സസൂക്ഷം ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞു. കാരണം എന്‍റെ കൂട്ടുകാരന്‍ എനിക്ക് ക്ലൈമാക്സ് പറഞ്ഞുതന്നത് എനിക്ക് അനുഗ്രഹമായി. അതിനു ശേഷം അസാധ്യമായ ഒരു അഭിനയ അനുഭവം തന്നെ ലാലേട്ടന്‍ കാഴ്ചവച്ചിട്ടുണ്ട്‌. എല്ലാം കഴിഞ്ഞു കൂട്ടുകാരെ ജീവനോടെ തിരിച്ചു അയക്കുമ്പോഴും ആ വണ്ട്‌ അവിടെ വട്ടമിട്ടുപറക്കുകയാണ്. അഭിയനതിന്റെ സൂക്ഷ്മ ഭാവങ്ങളുമായി ലാലേട്ടന്‍ കളം നിറയുമ്പോള്‍, ബ്ലെസി എന്ന സംവിധായകന് ഒരു നല്ല കൈയടി കൊടുക്കാം കാരണം, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മഹാരഥന്‍മാരായ അഭിനയതക്കളെ കിട്ടുമ്പോഴും, സിനിമ തട്ടികൂട്ടിയെടുക്കുന്ന ചില സംവിധായകര്‍ക്ക്(പുതിയതും, പഴയതുമായ) ഈ ചിത്രം ഒരു പാഠം ആയിരിക്കും. ഇത് എന്‍റെ അഭിപ്രായം മാത്രമാണ്. എന്നാലും ഒന്ന് വിലയിരുത്തുക പോലും ചെയ്യാതെ കേട്ടപാതി കേള്‍ക്കാത്തപാതി കൊള്ളില്ല എന്നും, പോളിയെന്നും പറയുന്നവരുടെ വാക്കുകള്‍ക്ക് വിലകൊടുക്കതിരിക്കുക, കാരണം ലാലേട്ടനെ പോലുള്ളവരുടെ ഇത്തരം ചിത്രങ്ങള്‍ വല്ലപ്പോഴുമേ ഉണ്ടാകൂ.

Monday, March 30, 2009

ജാതിസംവരണവും, സാമ്പത്തികസംവരണവും

സംവരണ വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നു. കഴിഞ്ഞ 30 വര്‍ഷമായി പി.എസ്.സി നടപ്പിലാക്കികൊണ്ടിരുന്ന സംവരണ രീതിയില്‍ യാതോരുമാറ്റവും വരുത്തേണ്ട എന്ന വിധി വന്നുകഴിഞ്ഞപ്പോള്‍ ഇത്രയും കാലം അതിന്റെ പേരിലുണ്ടായ പുകിലുകളൊക്കെ വെള്ളത്തില്‍ വരച്ച വരപോലെയായി. 20 -20 രീതിയില്‍ ആര്‍ക്കും കോട്ടം തട്ടാത്ത രീതിയില്‍ പി.എസ്.സി അത് നടപ്പിലാക്കി കൊണ്ടിരുന്നപ്പോള്‍, ഏതോ ഒരുവന്റെ തലയില്‍ 50 ന്‍റെ ഒറ്റ യൂണിറ്റായി പരിഗണിക്കണം എന്ന ഒരു ബുദ്ധി ഉദിച്ചത്. പിന്നെ കോടതിയായി, ഹൈ കോടതി വിധി വന്നു. അതിനെതിരെ പി.എസ്.സി യും നായര്‍ സര്‍വിസ് സൊസൈറ്റി യും സുപ്രീംകോടതിയെ സമീപിച്ചതും എല്ലാം മാധ്യമങ്ങളും ചാനലുകളും ശരിക്കും ആഘോഷിച്ചു. സത്യത്തില്‍ നീതി നടപ്പായി എന്ന് പറഞ്ഞാല്‍, അതുതന്നെയാണ് ശരി. പിന്നോക്ക വിഭാഗക്കാരുടെ ഇപ്പോഴുത്തെ അവസ്ഥ പഴയപോലെ ശോചനീയം അല്ല. തന്നെയുമല്ലേ സാമ്പത്തിക വിദ്യഭ്യാസ കാര്യങ്ങളില്‍ ഇത്തരക്കാര്‍ക്ക് ആനുകൂല്യങ്ങളും ഉണ്ട്. നന്നായി പഠിച്ചു പരീക്ഷയെഴുതി ആദ്യ റാങ്ക് കിട്ടുന്ന ഒരുമുന്നോക്കകാരന്‍ അവനു കിട്ടിയ റാങ്ക് -നേക്കാള്‍ താഴെ വന്നു ജോലി കിട്ടുന്നതില്‍ ആര്‍ക്കും ഒരുപരാതിയും പറയാനില്ല. ഇപ്പോഴുതെ അവസ്ഥയില്‍ തന്നെ നൂറുപേരെ നിയമിക്കുമ്പോള്‍ 50% നും മുകളില്‍ പിന്നോക്കക്കാര്‍ ആണ് നിയമിക്കപെടുന്നത്. സര്‍ക്കാര്‍ 50-50 എന്ന നിയമനിര്‍മാണം നടത്തുകയാണെങ്കില്‍ അതിനോടൊപ്പം " ഇനി സര്‍ക്കാര്‍ ഒഴിവുകളിലേക്ക് മുന്നോക്കക്കാര്‍ അപേക്ഷിക്കേണ്ടതില്ല " എന്ന നിയമംകൂടി പാസക്കുകയാണ് നല്ലത്. മുന്നോക്കക്കാര്‍ തെണ്ടി തിരിഞ്ഞു നടക്കട്ടെ. എന്തായാലും നീതിപീഠം ഒരിക്കല്‍ കോടി അന്തസ്സുകാട്ടി. ക്രീമിലയെര്‍ പരിധി 9ലക്ഷം ആക്കണം എന്നു ഉദ്ഘോഷിച്ച പിന്നോക്കകരുടെ നേതാക്കന്‍ മാരെ നിങ്ങളോട് ഒരു ചോദ്യം- ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത, ഒരുദിവസം 50 രൂപ പോലും വരുമാനമില്ലാത്ത ആരും നിങ്ങളുടെ ഇടയില്‍ ഇല്ലേ. അതോ അവരെ നിങ്ങള്‍ കണ്ടില്ല എന്നു നടിക്കുന്നോ? പരിധി 9 ഉം 10 ഉം ലക്ഷം ആക്കണം എന്നു പറയുമ്പോള്‍ നിങ്ങള്‍ എങ്ങനെ പിന്നോക്കകാരനാകും സുഹൃത്തെ? ഇത് കാപട്യമല്ലേ? അതുകൊണ്ട് മുന്നോക്കക്കാരെ ഇതുകൊണ്ടൊന്നും നമ്മുടെ പോരാട്ടം അവസാനിപ്പിക്കരുത്. നേരിട്ടും അല്ലാതെയും ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍കുള്ള നന്ദി അറിയിക്കുന്നു. ഇനിയും നമ്മുക്ക് ഒരുപാട് ചെയ്തുതീര്‍ക്കാനുണ്ട്. ജാഗ്രതയോടെ ഇരിക്കുക, ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ജാതി സംവരണം ഒഴിവാക്കി, സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുന്നത് വരെ പോരാടുക. റോബര്‍ട്ട് ഫ്രോസ്റ്റ്‌- ന്റെ വിഖ്യാതമായ വരികള്‍ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. "The woods are lovely, dark and deep, But I have promises to keep, And miles to go before I sleep, And miles to go before I sleep. ..."

Monday, March 16, 2009

പാവം ആ കസേര എന്ത് പിഴച്ചു




വീണ്ടും ഒരു കസേരകളിയുടെ ആരവം ഉണര്‍ന്നു. സംഗതി പ്രധാനമന്ത്രി കസേരയുടെ കാര്യമാണ്. ഈ ഇന്ത്യ മഹാരാജ്യത്തെ കുറെ രാഷ്ട്രീയക്കാര്‍ അതിനായി ഓട്ടം തുടങ്ങി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകുമ്പോള്‍ അതിനു വലിയ പ്രാധാന്യം ഉണ്ടല്ലോ. കൊണ്ഗ്രസ്സിനോ, ബി.ജെ.പി-ക്കോ രാജ്യംഭരിക്കാന്‍ അവകാശം ഇല്ലയെന്നും അതിനായി ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള തത്രപാടില്ലാണ് കാരാട്ടും കു‌ട്ടരും. അതിലേയ്ക്കായി മായാവതിയുടെ അനുഭാവം ആരാഞ്ഞപ്പോള്‍, തന്നെ പ്രധാനമന്ത്രി സ്ഥനാര്തിയായി പ്രഖ്യാപിക്കണം എന്ന് ആദ്യവെടി പൊട്ടിച്ചു ആ മഹതി. അപ്പോഴാണ്‌ മഹാരാഷ്ട്രയിലെ പവറുള്ള ഒരു നേതാവിന്റെ പ്രഖ്യാപനം "പ്രധാനമന്ത്രി മഹാരാഷ്ട്രക്കാരന്‍ ആവണം എന്നാണ് അവിടുത്തുകരുടെ മോഹം എന്ന്". തനിക്ക് തന്നെ പ്രധാനമന്ത്രി ആവണം എന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. എന്തിനാണ് മൂക്കെ തൊടുന്നതിനു മൂന്ന് വലത്ത്. അദ്വാനിയും, മന്‍മോഹന്‍സിങ്ങ് ഉം നേരുത്തേ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ പേരുകള്‍ പ്രഖ്യാപിചിരുന്നവര്‍. ഇതിനെല്ലാം പുറമേ രാംവിലാസ് പാസ്വാനും ആ കസേരയില്‍ നോട്ടമിട്ടു പറക്കുന്നുണ്ട്‌. ഇനിയിപ്പോള്‍ ഈ ഉള്ളവന്റെ ചിന്ത ഇതൊന്നുമല്ല നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും കരുണാകരജിയോ, ചെന്നൈയില്‍ നിന്ന് ജയലളിതമാടമോ ഒക്കെ ചില കരുക്കള്‍ നീക്കിയാലും അത്ഭുതപെടനില്ല. ഇതിനിടയില്‍ കര്‍ണാടകയില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തിരുന്നു രുചിപറ്റിയ ദേവ ഗവുഢ അദ്ദേഹവും കസേരക്കായി ചില കളികള്‍ തുടങ്ങിയതായി അറിവായിട്ടുണ്ട്. ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല എന്നാ ധാരണയിലാണ് ഈ രാഷ്ട്രീയ കപടന്മാരുടെ കൂട്ടയോട്ടം.

പ്രിയ വോട്ടര്‍മാരെ എനിക്ക് നിങ്ങളോടെ ഒന്നേ പറയാനുള്ളൂ. ഈ രാഷ്ട്രീയക്കാര്‍ക്ക് ഇവിടെ ജനങ്ങള്‍ ഉണ്ട് എന്ന് ഓര്‍മവരുന്നത് ഇലക്ഷന്‍ വരുമ്പോള്‍ മാത്രമാണ്. ജയിപ്പിച്ചു വിട്ട വോട്ടര്‍മാരുടെ മനസ്സറിയാതെ "അപ്പോള്‍ കാണുന്നവനെ അപ്പാ" എന്ന് വിളിക്കുന്ന കപട രാഷ്ട്രിയക്കാരെ നിങ്ങള്‍ മനസിലാക്കണം. Vote ചെയുക എന്നുള്ളത് ജനങ്ങളുടെ അവകാശമാണ്. ആ അവകാശം വിനിയോഗിക്കുമ്പോള്‍ അതിനു പൂര്‍ണമായും അര്‍ഹതയുള്ളവന് അത് നല്‍കുക. Vote എന്നത് രാഷ്ട്രീയക്കാര്‍ക്കുള്ള ജനങ്ങളുടെ ഔദാര്യമാണ് എന്ന് നിങ്ങള്‍ മനസിലാക്കുക. പത്തുപേരെ ചേര്‍ത്ത് ഒരു പാര്ട്ടിയുമുണ്ടാക്കി അതിന്റെ നേതാവായി നിന്ന് വിലപേശുന്ന വിലകുറഞ്ഞ രാഷ്ട്രീയത്തെ നിങ്ങള്‍ തിരിച്ചറിഞ്ഞു തോല്പ്പിക്കൂ...................

Tuesday, February 24, 2009

അക്കാദമി അവാര്‍ഡും-ഇന്ത്യന്‍ സിനിമയും

എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും അക്കാദമി അവാര്‍ഡ് കിട്ടിയത് ഇന്ത്യ മുഴുവന്‍ ആഘോഷിക്കുകയാണ്. ഈ രണ്ടു കലാകാരന്മാരുടെയും വളര്‍ച്ച നോക്കികാണാന്‍ ഇന്ത്യ എന്ന മഹാരാജ്യത്തിലെ ജനങ്ങള്ക്ക് കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരു ശരാശരി ഇന്ത്യക്കാരനെന്നനിലയില്‍ എന്റെ ചിന്ത മറ്റൊരുരീതിയില്‍ ആണ്. റസൂല്‍ പൂക്കുട്ടി എന്ന ഒരു മലയാളി ഈ ഭൂമി മലയാളത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് പുറം ലോകം അറിയുവാന്‍ ഈ ഒരു നോമിനേഷന്‍ വേണ്ടിവന്നു. ഹിന്ദിയിലെ ഈ അടുത്തകാലത്ത്‌ ഇറങ്ങിയ ഗജനി, സാവരിയ, ബ്ലാക്ക്‌ പോലെയുള്ള പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച സിനിമകളുടെ ശബ്ദമിശ്രണം നടത്തിയതും ഇദ്ദേഹം തന്നെയാണ്. ഈ അംഗീകാരത്തില്‍ കൂടി ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദക്തര്‍ നമ്മുടെ ഇന്ത്യയില്‍ തന്നെ ഉണ്ട് എന്ന് നമ്മുടെ സിനിമ പിടുത്തക്കാരെ ഞാന്‍ ഇത്തരുണത്തില്‍ ഓര്‍മിപ്പിക്കുകയാണ്. മുകളില്‍ പറഞ്ഞ ഹിന്ദി സിനിമകളില്‍ അദ്ദേഹം ഏത് രീതിയിലാണോ ജോലിചെയ്തത് അതെ അര്‍പ്പനമാനോഭാവത്തില്‍ തന്നെയായിരിക്കും Slum Dog Millionare എന്ന ചിത്രത്തിലും അദ്ദേഹം തന്റെ പാടവം തെളിയിച്ചത്. അപ്പോള്‍ അദ്ദേഹം ഇതു നേരുത്തേ തന്നെ അര്‍ഹിച്ചിരുന്നു. ഇങ്ങനെ ഒരു break through കിട്ടാതെ കിടക്കുന്ന എത്രയോ കലാകാരന്മാര്‍ നമ്മുടെ ഇന്ത്യയില്‍ ഉണ്ട്. തന്നെയുമല്ല ലോകനിലവാരത്തിലുള്ള പല ഇന്ത്യന്‍ സിനിമകള്‍ക്കും Oscar Nomination തരാന്‍ സായിപ്പ് തയ്യാറല്ലാത്ത സ്ഥിതിക്ക് ഇന്ത്യയിലെ പല കലാകാരന്മാരുടെയും കഴിവ് ലോകം അറിയുന്നില്ല. സായിപ്പിന്റെ വിചാരം അവരെടുക്കുന്ന സിനിമകളാണ് ലോകനിലവാരം ഉള്ളത് എന്ന്. ഈ അക്കാദമി അവാര്‍ഡും, ഒരു ഇംഗ്ലീഷ് ചിത്രം എന്നനിലയിലാണ് എട്ടു ഓസ്കാര്‍ നേടിയത്, ഇന്ത്യന്‍ സിനിമ എന്ന നിലയിലല്ല. എ.ആര്‍ റഹ്മാന്റെ കാര്യവും ഇങ്ങനെ തന്നെ. Jai Ho എന്ന അദ്ദേഹത്തിന്റെ ഗാനം അദ്ദേഹം ഇതുവരെ ചെയ്തതില്‍ ഏറവും മികച്ച ഗാനമാണോ?. അല്ല എന്ന് ഏതൊരു സാധാരണക്കാരനും പറയും. ഇതിലും മികച്ച എത്രയോ ഗാനങ്ങള്‍ അദ്ദേഹം ചെയ്തിരിക്കുന്നു, ഇനിചെയ്യാനിരിക്കുന്നു. പക്ഷെ സായിപ്പിന് പിടിച്ചത് റഹ്മാന്റെ ഈ ശരാശരി ഗാനമാണ്. അങ്ങനെ പറയുമ്പോള്‍ റഹ്മാനും ഓസ്കാര്‍ നേരത്തെ കിട്ടെണ്ടിയിരുന്നില്ലേ. അങ്ങനെയനെന്കില്‍ സായിപ്പിന്റെ സിനിമാമാത്രമാണ് ലോകനിലവരതിലുള്ളത് എന്ന് നമ്മള്‍ സമ്മതിച്ചുകൊടുക്കുന്നത് തീര്ത്തും ശരിയല്ല. അപ്പോള്‍ എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ കലാകാരന്മാര്‍ എന്തുകൊണ്ടും ഓസ്കാര്‍ നിലവാരത്തിലും ഉയര്ന്നു നില്ക്കുന്നു. അപ്പോള്‍ ഓസ്കാര്‍ എന്നത് ലോക സിനിമയുടെ അവസാനവാക്കല്ലതാകും എന്നതും ശരിയല്ലേ............എന്തായാലും എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ആശംസകള്‍.

Thursday, February 19, 2009

ഈ "മദ്യ"കേരളം


കേരള സര്‍ക്കാരിന് ഏറ്റവും വരുമാനമുള്ള വകുപ്പ് ഏതാണ്.......... നിസംശയം പറയാം ബീവേറജസ് കൊര്‍്പ്പറേഷന്‍. മലയാളികളായ മലയാളികളെല്ലാം കുടിച്ചുകൂത്താടുകയാണ് എന്നാണു പുതിയകണക്കുകള്‍. വിവാഹനിശ്ചയം, വിവാഹം, നൂല്കെട്ടു, വീട് പാലുകാച്ചല്‍, എന്തിന് ഉറ്റവരുടെ മരണം വരെ കുടിച്ചാഘോഷിക്കുന്ന ഒരു വിഭാഗമായി മാറി നമ്മുടെ സംസ്കരനിപുണരായ കേരള ജനത. മദ്യ വിമുക്തമായ ഒരു കേരളം ഇനിയാരും സ്വപ്നം പോലും കാണേണ്ട എന്നാണ് സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ കഴിയുമോ. ആളോഹരി മദ്യ ഉപഭോഗത്തില്‍ കേരളം ഇപ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. ഇരുപതു വര്‍ഷത്തിനുമുന്പ് കേരളത്തില്‍ മുന്നൂറില്‍ ഒരാളായിരുന്നു മദ്യപിചിരുന്നതെന്കില്‍ ഇന്നു അത് ഇരുപതില്‍ ഒരാളായി. കേരളം ഏകദേശം മുപ്പതു കോടി ലിറ്റര്‍ മദ്യം ഒരുവര്‍ഷം അകത്താക്കുന്നു. 3670 കോടി രൂപയാണ്‌ ബീവേറജസ് കൊര്‍്പ്പറേഷന്‍ 2007-08 ലെ വിറ്റുവരവ്. വളരൂ കേരളമേ........വളരൂ. എന്തായാലും പുതിയ ചില ആശയങ്ങളുമായി ബീവേറജസ് കൊര്‍്പ്പറേഷന്‍ മദ്യപാനികളെ മാടി മാടി വിളിക്കുന്നു. SMS വഴി പരാതികള്‍ അയക്കാം എന്ന്. എന്തായാലും മദ്യപന്മാരുടെ എന്താവശ്യത്തിനും ഇനി മുതല്‍ ഒരു SMS ന്റെ ആവശ്യമേയുള്ളൂ. ഇനിയും ഏറെ മദ്യപാനികളെ സൃഷ്ട്ടിക്കുക എന്ന കര്‍ത്തവ്യം ഏറ്റെടുത്ത സര്‍ക്കാരിനു നമോവാകം. " വൈകിട്ടെന്താ പരിപാടി" എന്ന് പണ്ടൊരു മദ്യ കമ്പനി പരസ്യം കൊടുത്തപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു. ഇന്നു സര്‍ക്കാര്‍ തന്നെ മദ്യം പ്രമോട്ട് ചെയ്യുമ്പോള്‍ സാംസ്കാരിക നായകന്മാരെ നിങ്ങള്‍ക്കൊന്നും ചോദിക്കാനില്ലേ. മദ്യപാനികളെ ലാല്‍സലാം .................

* കണക്കുകള്‍ അവലംബിചിരുക്കുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ നിന്നും.

Monday, February 16, 2009

MOHAN LAL -RE-LOADED


ആക്ഷന്‍ വേഷങ്ങള്‍ വളരെ സിമ്പിള്‍ ആയി ചെയ്യാം എന്ന് മലയാളികളെ മനസ്സിലാക്കി തന്ന മോഹന്‍ലാലിന്‍റെ "ഇരുപതാം നൂറ്റാണ്ട് " എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് . ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യ ഭാഷ നല്കിയ അമല്‍ നീരദ് എന്ന സംവിധായകനും, മികച്ച തിരക്കഥകള്‍ എഴുതിയ സ.എന്‍ സ്വാമിയും ചേരുമ്പോള്‍ സാങ്കേതികമായി മികച്ച ഒരു സിനിമ തന്നെ പ്രതീക്ഷിക്കാം. അതിലുപരി മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍റെ മാനറിസങ്ങള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നും പ്രതീക്ഷിക്കാം. 5 കോടി രു‌പ മുതല്‍ മുടക്കിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ശോഭന, മീന തുടങ്ങിയ മോഹന്‍ലാലിന്‍റെ മുന്‍ നായികമാരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഒരു പക്ഷെ ഇത് മലയാളത്തിലെ "ONE OF THE MOST STYLISH CINEMA" ആയിരിക്കും.........

Thursday, February 12, 2009

പവനായി ശവമായതും....ഓര്‍മ്മയുണ്ടോ ഈ മുഖവും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുറച്ചുനാളായി മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോള്‍. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കണക്കുക്കളില്‍ നിന്നും മനസിലാക്കാം. ക്യാപ്ടന്‍ ധോണി യുടെ നേതൃത്വപാടവം, യുവകളിക്കാരുടെ മികവ് എന്നിവയെല്ലാം ഇതിന് അധാരമായിട്ടുണ്ട്. കഴിഞ്ഞ Twenty-20 world cup മത്സരത്തിനു ശേഷം ഇന്ത്യ ഒന്നാം നമ്പര്‍ ടീം ആയിരുന്ന ഒസ്ട്രീലെയയെ ഉള്‍പ്പടെ പല ടീമുകളെയും തോല്പ്പിക്കുകയുണ്ടായി. ആയിടക്ക് ടീം ഇന്ത്യക്ക് ഒരു കൊച്ച് ഇല്ലായിരുന്നു എന്നുള്ളത് വളരെ സംസരവിഷയമായ വസ്തുതയായിരുന്നു.

2008 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയുടെ പഴയ ബാറ്റ്സ്മാനായ ഗാരി കിര്സ്ടന്‍ ഇന്ത്യയുടെ കോച്ച് ആയി വരുന്നത്.അദേഹത്തിന്റെ ശിക്ഷണത്തില്‍ ആണ് ഈ മികച്ച വിജയങ്ങള്‍ ഒക്കെ ഉണ്ടായത് എന്ന് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞില്ല എന്നുണ്ടോ. പണ്ടു ഗ്രെഗ് ചാപ്പല്‍ എന്ന ഒരു മഹാന്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി അവതരിച്ചപ്പോള്‍ അയാള്‍ അനങ്ങുന്നതും, തുമ്മുന്നതും, തുപ്പുന്നതും വരെ വാര്‍ത്തയായി കൊണ്ടാടിയിരുന്നു മാധ്യമങ്ങള്‍. ആ മഹാന്‍ പാവം ഗാഗുലിയെ പുറത്താക്കി, ടീമിനെ തരിപ്പണമാക്കി. വേള്‍ഡ് കപ്പ്‌ അന്തസായി തോറ്റു. "എന്തൊക്കെയായിരുന്നു......മലപ്പുറം കത്തി, വടിവാള്, തോക്ക്.... അവസാനം പവനായി ശവമായി"-യെന്ന തിലകന്‍ ചേട്ടന്റെ വാചകം നമ്മുടെ ഒക്കെ മനസ്സില്‍ ഓടിയെത്തി. ഇന്ന് ആ ടീം വിജയങ്ങള്‍ നേടുമ്പോള്‍ വാചക കാസര്ത്തില്ലാതെ തന്റെ ജോലി നന്നായി ചെയ്യുന്ന ഗാരി കിര്സ്ടന്‍ എന്ന വ്യക്തിയെക്കുറിച്ച് ആരും ഒരക്ഷരവും മിണ്ടിയിട്ടില്ല, എഴുതിയിട്ടില്ല. അതോ "ഓര്‍മ്മയുണ്ടോ ഈ മുഖം" എന്ന് അദ്ദേഹം അവസാനം ചോദിക്കേണ്ടി വരുമോ. കാത്തിരുന്നുകാണാം.........